Friday 16 December 2011

Facebook New Look

ടൈംലൈന്‍ എത്തി; ഫെയ്‌സ്ബുക്കിന് ഇനി പുതിയ മുഖം:

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിന്റെ മുഖംമിനുക്കല്‍ ആരംഭിച്ചു. 2011 സപ്തംബറില്‍ പ്രഖ്യാപിച്ച ടൈംലൈനി (Timeline) ന്റെ രൂപത്തിലേക്ക് ഫെയ്‌സ്ബുക്കിലെ 80 കോടി പ്രൊഫൈലുകള്‍ ഏതാനും ദിവങ്ങള്‍ക്കകം മാറും.

ഉപഭോക്താക്കള്‍ വര്‍ഷങ്ങളായി പങ്കിട്ടിട്ടുള്ള വീഡിയോകളും ഫോട്ടോകളും ലിങ്കുകളുമെല്ലാം ഒറ്റ ക്ലിക്കില്‍ മുന്നിലെത്താന്‍ പാകത്തിലുള്ള മാറ്റമാണ് ടൈംലൈന്‍ കൊണ്ടുവരുന്നത്. ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌ക്കരണമായിരിക്കും ടൈംലൈനിലേക്കുള്ള ചുവടുമാറ്റമെന്ന് വിലയിരുത്തപ്പെടുന്നു.

ഇതുവരെയുള്ള സ്ഥിതി എന്താണെന്ന് ആലോചിച്ചു നോക്കുക. നിങ്ങള്‍ കഷ്ടപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോ, ഏതാനും ദിവസം മാത്രം പ്രൊഫൈലില്‍ കിടക്കും. പുതിയ പോസ്റ്റുകള്‍ വരുന്നതോടെ അത് പ്രൊഫൈലിന്റെ 'അഗാധങ്ങളിലേക്ക്' ആഴ്ന്നു മറയും. എല്ലാവരും അത് മറക്കും. മുമ്പ് പോസ്റ്റു ചെയ്തവയ്ക്ക് എന്തുപറ്റിയെന്നു പോലും പലര്‍ക്കും ഓര്‍മ കാണില്ല.

ഈ ദുരവസ്ഥ മാറ്റാനുദ്ദേശിച്ചുള്ളതാണ് ടൈംലൈന്‍. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒട്ടേറെ പഴയ സ്മരണകളെ പുനര്‍ജനിപ്പിക്കാന്‍ ടൈംലൈന്‍ കാരണമാകുമെന്ന് സാരം. മറവിക്കെതിരെയുള്ള ഒരു ചെറുത്തുനില്‍പ്പു പോലെയാകും ടൈംലൈനെന്ന് വിലയിരുത്തപ്പെടുന്നു.

ടൈംലൈന്‍ തുടങ്ങുന്ന വിവരം വ്യാഴാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. ഒന്നുകില്‍ ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് കാക്കുകയോ, അല്ലെങ്കില്‍ facebook.com/about/timeline നിലെത്തി ടൈംലൈന്‍ പ്രവര്‍ത്തന നിരതമാക്കുകയോ ചെയ്യാമെന്ന് ബ്ലോഗ് പോസ്റ്റ് പറയുന്നു.

നിലവിലുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പേജില്‍ കാണുക അടുത്തയിടെ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ മാത്രമാണ്. എന്നാല്‍, ടൈംലൈന്‍ വഴിയുണ്ടാവുക സ്‌ക്രാപ്പ്ബുക്ക് പോലുള്ള ഒരു മോണ്ടാഷ് ആയിരിക്കും. ഫെയ്‌സ്ബുക്കില്‍ ഒരു യൂസര്‍ ചേര്‍ന്ന ശേഷമുള്ള ഓരോ മാസത്തെയും, ഓരോ വര്‍ഷത്തെയും ഫോട്ടോകളും ലിങ്കുകളും അപ്‌ഡേറ്റുകളും ചേര്‍ന്നതായിരിക്കും മൊണ്ടാഷ്.

കമ്പനിയുടെ സപ്തംബറില്‍ നടന്ന ഡെവലപ്പര്‍ സമ്മേളനത്തിലാണ്, ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ടൈംലൈന്‍ ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്. നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കിട്ട വിവരങ്ങള്‍ വീണ്ടും കണ്ടുപിടിക്കാനുള്ള ഒരു എളുപ്പമാര്‍ഗമാണ് ടൈംലൈനെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റ് പറയുന്നു.
Introducing Timeline
www.facebook.com
Timeline is the new Facebook profile. Tell your life story through photos, friendships and personal milestones like graduating or traveling to new places.

No comments:

Post a Comment